ചങ്ങമ്പുഴ കൃഷ്ണപിള്ള :-[1911-1948]
ഒരു തലമുറയുടെ ലഹരിയായിരുന്നു ചങ്ങമ്പുഴ കവിതകള് വിരഹവും പ്രണയത്തിന്റെ ചൂടും ചൂരും ഇടകലര്ന്ന ചങ്ങമ്പുഴ കവിതകള് .ആസ്വദിക്കുക പ്രണയത്തിന്റെ അഗ്നിയില് സ്വയമെരിയുക
1] മനസ്വിനി
മഞ്ഞ തെച്ചീപ്പൂങ്കുല പോലെ
മഞ്ജിമ വിടരും പുലർകാലേ,
നിന്നൂലളിതേ, നീയെന്മുന്നിൽ
നിർവൃതി തൻ പൊൻകതിർപോലെ!
ദേവ നികേത ഹിരണ്മയമകുടം
മീവീ ദൂരെ ദ്യുതിവിതറി
പൊന്നിൻ കൊടിമരമുകളിൽ ശബളിത-
സന്നോജ്ജ്വലമൊരു കൊടി പാറി!
നീലാരണ്യ നിചോള നിവേഷ്ടിത-
നിഹാരാർദ്രമഹാദ്രികളിൽ,
കാല്യലസജ്ജല കന്യക കനക-
ക്കതിരുകൾകൊണ്ടൊരു കണിവെയ്ക്കേ
കതിരുതിരുകിലൂമദൃശ്യ ശരീരകൾ.
കാമദ കാനന ദേവതകൾ
കലയുടെ കമ്പികൾ മീട്ടും മട്ടിൽ
കളകളമിളകീ കാടുകളിൽ!
മഞ്ഞല മാഞ്ഞിളവെയ്ലൊളിയിൽ,ദല-
മർമ്മരമൊഴുകീ മരനിരയിൽ
ഈറൻ തുകിലിൽ മറഞ്ഞൊരു പൊന്നല
പാറി മിനുങ്ങിയ തവഗാത്രം.
മിത്ഥ്യാവലയിത സത്യോപമരുചി
തത്തി ലസിച്ചൂ മമ മുന്നിൽ!
ദേവദയാമയ മലയജശകലം
താവിയ നിൻ കുളിർനിടിലത്തിൽ.
കരിവരിവണ്ടിൻ നിരകൾ കണക്കെ-
ക്കാണായ്പ്പരിചൊടു കുറുനിരകൾ!
സത്വഗുണശ്രീ ചെന്താമര മലർ
സസ്മിതമഴകിൽ വിടർത്തിയപോൽ,
ചടുലോൽപല ദളയുഗളം ചൂടി-
ചന്ദ്രിക പെയ്തൂ നിൻവദനം!
ഒറ്റപ്പത്തിയോടായിരമുടലുകൾ
ചുറ്റുപിണഞ്ഞൊരു മണിനാഗം
ചന്ദനലതയിലധോമുഖശയനം
ചന്തമൊടിങ്ങനെ ചെയ്യുമ്പോൾ,
വിലസീ, വിമലേ ചെറിയൊരു പനിനീ-
രലർ ചൂടിയ നിൻ ചികുരഭരം!
ഗാനം പോൽ, ഗുണകാവ്യം പോൽ മമ
മാനസമോർത്തു സഖി നിന്നെ....
തുടുതുടെയൊരു ചെറു കവിത വിടർന്നു
തുഷ്ടിതുടിക്കും മമ ഹൃത്തിൽ!
ചൊകചൊകയൊരു ചെറുകവിത വിടർന്നൂ
ചോരതുളുമ്പിയ മമ ഹൃത്തിൽ!
മലരൊളി തിരളും മധുചന്ദ്രികയിൽ
മഴവിൽക്കൊടിയുടെ മുനമുക്കി,
എഴുതാനുഴറീ കൽപന ദിവ്യമൊ-
രഴകിനെ, എന്നെ മറന്നൂ ഞാൻ!
മധുരസ്വപ്ന ശതാവലി പൂത്തൊരു
മായാലോകത്തെത്തീ ഞാൻ!
അദ്വൈതാമല ഭാവസ്പന്ദിത-
വിദ്യുന്മേഖല പൂകീ ഞാൻ!....
രംഗം മാറി-കാലം പോയീ,
ഭംഗംവന്നൂ ഭാഗ്യത്തിൽ
കൊടിയവസൂരിയിലുഗ്രവിരൂപത
കോമരമാടീ നിന്നുടലിൽ.
കോമളരൂപിണി, ശാലിനി, നീയൊരു
കോലം കെട്ടിയമട്ടായി.
മുകിലൊളിമാഞ്ഞൂ, മുടികൾ കൊഴിഞ്ഞൂ
മുഖമതി വികൃതകലാവൃതമായ്,
പൊന്നൊളി പോയീ കാളിമയായി;
നിന്നുടൽവെറുമൊരു തൊണ്ടായീ.
കാണാൻ കഴിയാ-കണ്ണുകൾ പോയീ;
കാതുകൾ പോയീ കേൾക്കാനും!
നവനീതത്തിനു നാണമണയ്ക്കും
നവതനുലതതൻ മൃദുലതയെ,
കഠിനം!- ചീന്തിയെറിഞ്ഞാരടിമുടി
കടുതലരാകിന വടുനിരകൾ!
ജാതകദോഷം വന്നെന്തിന്നെൻ
ജായാപദവി വരിച്ചൂ നീ?
പലപലരമണികൾ വന്നൂ, വന്നവർ
പണമെന്നോതി-നടുങ്ങീ ഞാൻ.
പലപലകമനികൾ വന്നൂ, വന്നവർ
പദവികൾ വാഴ്ത്തീ- നടുങ്ങീ ഞാൻ
കിന്നരകന്യകപോലെ ചിരിച്ചെൻ-
മുന്നിൽ വിളങ്ങിയ നീ മാത്രം,
എന്നോടരുളി: "യെനിക്കവിടുത്തെ-
പ്പൊന്നോടക്കുഴൽ മതിയല്ലോ!....
നിന്നുടെ പുല്ലാങ്കുഴലിതെനിക്കോരു
പൊന്നോടക്കുഴലാണല്ലോ!. ...."
പുളകമണിഞ്ഞിട്ടുടനടി ഞാനൊരു
പുതുലോകത്തിലെ യുവ നൃപനായ്.
ഇന്നോ ഞാനാ നാടുഭരിക്കും
മന്നവനല്ലോ, മമനാഥേ!
നീയോനിഹതേ, നീയോ?-നിത്യം
നീറുകയാണയി മമ ഹൃദയം.
കണ്ണുകളില്ല, കാതുകളില്ല-
തിണ്ണയിൽ ഞാൻ കാൽ കുത്തുമ്പോൾ,
എങ്ങനെ പക്ഷേ വിരിപ്പൂ ചുണ്ടിൽ
ഭംഗിയിണങ്ങിയ പുഞ്ചിരികൾ?
അന്ധതകൊണ്ടും ഭവനം സേവന-
ബന്ധുരമാക്കും പൊൻതിരികൾ?
അപ്പൊൻതിരികൾ പൊഴിഞ്ഞു വെളിച്ചം;
തപ്പുന്നോ പിന്നിരുളിതിൽ ഞാൻ?...
ദുർവ്വാസനകളിടയ്ക്കിടെയെത്തി-
സർവ്വകരുത്തുമെടുക്കുകിലും,
അടിയറവരുളുകയാണവയെന്നോ-
ടൊടുവിൽ-ശക്തിതരുന്നൂ നീ!
പ്രതിഷേധസ്വര മറിയാതെഴുമ-
പ്രതിമഗുണാർദ്ര മനസ്വിനി നീ
എങ്കിലുമേതോ വിഷമ വിഷാദം
തങ്കുവതില്ലേ നിൻകരളിൽ?
ഭാവവ്യാപക ശക്തി നശിച്ചോ-
രാവദനത്തിൻ ചുളിവുകളിൽ
ചില ചില നിമിഷം പായാറില്ലേ
ചിന്ത വിരട്ടിയ വീർപ്പലകൾ?
നിൻകവി,ളമലേ, നനയുന്നില്ലേ
നീ കുടികൊള്ളും വിജനതയിൽ?
കൊടുകാറ്റലറിപ്പേമഴ പെയ്തിടു-
മിടവപ്പാതി പ്പാതിരയിൽ
ശാരദ രജനിയിലെന്നതുപോൽ, നീ
ശാലിനി, നിദ്രയിലമരുമ്പോൾ.
അകലത്തറിയാത്തലയാഴികൾത-
ന്നകഗുഹകളിൽ നിന്നൊരു നിനദം,
പരുകിപ്പെരുകി വരുമ്പോലെന്തോ
സിരകളെയൊരു വിറയറിയിയ്ക്കേ.
കാട്ടാളൻ കണയെയ്തൊരു പൈങ്കിളി
കാതരമായിപ്പിടയുമ്പോൽ,
പിടയാറില്ലേ നിൻഹതചേതന
പിടികിട്ടാത്തൊരു വേദനയിൽ?....
വർണ്ണം, നിഴലു, വെളിച്ചം, നാദം
വന്നെത്താത്തൊരു തവ ലോകം
അട്ടിയി,ലട്ടിയി,ലിരുളിരുളിൻമേൽ
കട്ടപിടിച്ചൊരു പാതാളം!
ഇല്ലൊരു തൈജസകീടം കൂടിയു-
മെല്ലാ,മിരുളാണിരുൾ മാത്രം!
മമതയിലങ്ങനെ നിന്നരികേ ഞാൻ
മരുവും വേളയി,ലൊരുപക്ഷേ,
നീലനിലാവിലെ വനമേഖലപോൽ
നിഴലുകളാടാമവിടത്തിൽ!
തെല്ലിടമാത്രം-പിന്നീടെല്ലാ-
മല്ലാ,ണെന്തൊരു ഹതഭാഗ്യം!
നിൻ കഥയോർത്തോർത്തെൻ കരളുരുകി-
സ്സങ്കൽപത്തിൽ വിലയിക്കേ,
ഏതോനിർവൃതിയിക്കിളികൂട്ടി
ചേതനയണിവൂ പുളകങ്ങൾ!
വേദന, വേദന, ലഹരിപിടിക്കും
വേദന-ഞാനിതിൽ മുഴുകട്ടേ!
മുഴുകട്ടേ, മമ ജീവനിൽ നിന്നൊരു
മുരളീ മൃദൂരവമൊഴുകട്ടേ.
2] സ്പന്ദിക്കുന്ന അസ്ഥിമാടം
അബ്ദമൊന്നു കഴി,ഞ്ഞിതാ വീണ്ടു-
മസ്സുദിനമതെൻ മുന്നിലെത്തി.
ഇച്ചുരുങ്ങിയ കാലത്തിനുള്ളി-
ലെത്ര കണ്ണീർപുഴകളൊഴുകി!
അത്തലാലലം വീർപ്പിട്ടുവീർപ്പി-
ട്ടെത്ര കാമുകഹൃത്തടം പൊട്ടി!
കാലവാതമടിച്ചെത്രകോടി
ശ്രീലപുഷ്പങ്ങൾ ഞെട്ടറ്റുപോയി!-
പൊട്ടിടാത്തതെന്തെന്നിട്ടുമയ്യോ,
കഷ്ട,മിക്കാച്ചു നീർപ്പോളമാത്രം!
ദു:ഖചിന്തേ, മതി മതി,യേവം
ഞെക്കിടായ്ക നീയെൻമൃദുചിത്തം!
ഇസ്സുദിനത്തിലെങ്കിലുമല്പം
വിശ്രമിക്കാനെനിയ്ക്കുണ്ടു മോഹം.
ആകയാ,ലിന്നകമലിഞ്ഞെന്നി-
ലേകണേ നീയതിനനുവാദം!
സല്ലപിച്ചു കഴിച്ചിടട്ടിന്നാ
നല്ലകാലസ്മൃതികളുമായ് ഞാൻ!....
സുപ്രഭാതമേ, നീയെനിയ്ക്കന്നൊ-
രപ്സരസ്സിനെക്കാണിച്ചുതന്നു.
ഗേഹലക്ഷ്മിയായ് മിന്നുമൊരോമൽ-
സ്നേഹമൂർത്തിയെക്കാണിച്ചുതന്നു.
പ്രാണനുംകൂടിക്കോൾമയിർക്കോള്ളും
പൂനിലാവിനെക്കാണിച്ചുതന്നു.
മന്നിൽ ഞാനതിൻ സർവ്വസ്വമാമെ-
ന്നന്നു കണ്ടപ്പൊഴാരോർത്തിരുന്നു!
കർമ്മബന്ധപ്രഭാവമേ, ഹാ, നിൻ-
നർമ്മലീലകളാരെന്തറിഞ്ഞു!
മായയിൽ ജീവകോടികൾ തമ്മി-
ലീയൊളിച്ചുകളികൾക്കിടയിൽ,
ഭിന്നരൂപപ്രകൃതികൾ കൈക്കൊ-
ണ്ടൊന്നിനൊന്നകന്നങ്ങിങ്ങു പോകാം.
കാലദേശങ്ങൾ, പോരെങ്കി,ലോരോ
വേലികെട്ടി പ്രതിബന്ധമേകാം.
ഉണ്ടൊരു കാന്തശക്തിയെന്നാലും
കണ്ടുമുട്ടുവാൻ ദേഹികൾക്കെന്നാൽ!
എന്നുകൂടിയിട്ടെങ്കിലും,തമ്മി-
ലൊന്നുചേർന്നവ നിർവൃതിക്കൊള്ളും!
മർത്ത്യനീതി വിലക്കിയാൽപ്പോലും
മത്തടിച്ചു കൈകോർത്തു നിന്നാടും!
അബ്ധി,യപ്പോഴെറുമ്പുചാൽമാത്രം!
അദ്രികൂടം ചിതൽപ്പുറ്റുമാത്രം!
ഹാ, വിദൂരധ്രുവയുഗം, മുല്ല-
പ്പൂവിതളിന്റെ വക്കുകൾമാത്രം!
മൃത്തു മൃത്തുമായൊത്തൊരുമിച്ചാൽ
മർത്ത്യനീതിയ്ക്കു സംതൃപ്തിയായി.
ജീവനെന്താട്ടെ, മാംസം കളങ്കം
താവിടാഞ്ഞാൽ സദാചാരമായി.
ഇല്ലിതിൽക്കവിഞ്ഞാവശ്യമായി-
ട്ടില്ലതിനന്യതത്വവിചാരം!
കേണുഴന്നോട്ടെ ജീവൻ വെയിലിൽ
കാണണം മാംസപിണ്ഡം തണലിൽ!....
പഞ്ചത ഞാനടഞ്ഞെന്നിൽനിന്നെൻ-
പഞ്ചഭൂതങ്ങൾ വേർപെടും നാളിൽ,
പൂനിലാവലതല്ലുന്ന രാവിൽ,
പൂവണിക്കുളിർമാമരക്കാവിൽ,
കൊക്കുരുമ്മി, ക്കിളി മരക്കൊമ്പിൽ,
മുട്ടിമുട്ടിയിരിയ്ക്കുമ്പൊ,ഴേവം,
രാക്കിളിക,ളന്നെന്നസ്ഥിമാടം
നോക്കി, വീർപ്പിട്ടു വീർപ്പിട്ടു പാടും:-
"താരകളേ, കാൺമിതോ നിങ്ങൾ
താഴെയുള്ളോരീ പ്രേതകുടീരം?
ഹന്ത, യിന്നതിൻ ചിത്തരഹസ്യ-
മെന്തറിഞ്ഞു, ഹാ, ദൂരസ്ഥർ നിങ്ങൾ?
പാലപൂത്ത പരിമളമെത്തി-
പ്പാതിരയെപ്പുണർന്നൊഴുകുമ്പോൾ;
മഞ്ഞണിഞ്ഞു, മദാലസയായി
മഞ്ജുചന്ദ്രിക നൃത്തമാടുമ്പോൾ,
മന്ദമന്ദം പൊടിപ്പതായ്ക്കേൽക്കാം
സ്പന്ദങ്ങളിക്കല്ലറയ്ക്കുള്ളിൽ!
പാട്ടുനിർത്തി, ച്ചിറകുമൊതുക്കി-
ക്കേട്ടിരിക്കുമതൊക്കെയും നിങ്ങൾ.
അത്തുടിപ്പുകളൊന്നിച്ചുചേർന്നി-
ട്ടിത്തരമൊരു പല്ലവിയാകും:
'മണ്ണടിഞ്ഞു ഞാ, നെങ്കിലുമിന്നും
എന്നണുക്കളി, ലേവ, മോരോന്നും,
ത്വൽപ്രണയസ്മൃതികളുലാവി
സ്വപ്നനൃത്തങ്ങളാടുന്നു, ദേവി!....'
താദൃശോത്സവമുണ്ടോ, കഥിപ്പിൻ
താരകളേ, നിങ്ങൾതൻ നാട്ടിൽ? .
3] ഹേമ
വനികാംഗനയാൾതൻ മന്ദഹാസാങ്കുരങ്ങൾ
തനിയേ കവർന്നവൾ കുമ്പിളിൽ നിറയ്ക്കുന്നു.
അയൽ വീട്ടിലെ സഖിയെത്തിടാൻ നേരം വൈകു-
ന്നതിലുണ്ടവൾക്കൽപം താപവുമുൽക്കണ്ഠയും.
കണ്ഠനാളത്തെത്തിരിച്ചവളെ പ്രതീക്ഷിച്ചു
കണ്മണി കൂടെക്കൂടെക്കണ്ണയയ്ക്കുന്നു; നോക്കൂ!
തഴുകീ തരുണാർക്കൻ തങ്കരശ്മിയാ,ലെന്നാൽ
മുഴുവൻ മാഞ്ഞിട്ടില്ല മൂടൽമഞ്ഞെല്ലാടവും.
തണലും വെയിലുമില്ലെങ്ങുമേ;- സുഖംതരും
തണവുള്ളൊരുകാറ്റു വീശുന്നുണ്ടിടയ്ക്കിടെ ,
ലജ്ജയിൽമടിച്ചാദ്യമായിത്തൻ നാഥൻ വാഴും
മച്ചിലേയ്ക്കൊരു മുഗ്ദ്ധപോയിടുന്നതുപോലെ.
തോളത്തുനിന്നപ്പപ്പോളിഴിയും നീരാളപ്പൂ-
ഞ്ചേലത്തുമ്പിളംകരവല്ലിയാലൊതുക്കിയും;
മഞ്ജുളമണിനൂപുരാരവം വീശുംപടി
കഞ്ജകോമളമായ കാലിണചലിപ്പിച്ചും;
സമ്പന്നവസന്തത്തിൻനൃത്തമണ്ഡപമായ
ചെമ്പനീരലർക്കാവിൽ വാഴുന്നു വിലാസിനി.
ആർത്തിയാർന്നാറ്റിലേയ്ക്കു പോകുവാനായ് തൻകൂട്ടു
കാത്തുനിന്നീടുമൊരു മാൻകിടാവിനെപ്പോലെ.
നീലക്കാറൊളിച്ചുരുള്ളകം മേലേ ചിന്നി
ലോലഫാലകംസ്വേദാങ്കുരത്താൽ പേർത്തും മിന്നി.
അവൾതൻ കരാംഗുലി സ്പർശനസൌഭാഗ്യത്താ-
ലതിധന്യരായ്ത്തീരും കുസുമങ്ങളെ നോക്കി;
മെത്തിടുമസൂയയാൽ യുവത്വം തുളുമ്പീടു-
മെത്രയോ ഹൃദയങ്ങൾ തുടിച്ചിട്ടുണ്ടാകില്ല!
ഉഷസ്സും ലജ്ജിച്ചിട്ടു,ണ്ടോമലിൻ കണ്ണഞ്ചിക്കും
സുഷമാമുകുരത്തിൽ തന്മുഖം നിഴലിക്കെ!
മഞ്ഞുതുള്ളികളേറ്റു കുളുർത്തപനീർപ്പൂവിൻ
മഞ്ജിമ സവിശേഷമുടലാർന്നതുപോലെ;
രമ്യമാം മധുവിധുകാലത്തെ സ്വപ്നം പോലെ-
യമ്മലർത്തോപ്പിലിതാ ലാലസിക്കുന്നു ഹേമ!!
അരികത്തൊരു കൊച്ചുപൂഞ്ചോല പാടിപ്പാടി
നുരയാൽ ചിരിച്ചുകൊണ്ടൊഴുകിപ്പോയിടുന്നു;
സൽപ്രേമസമ്പന്നയാമൊരു പെൺകൊടിയുടെ
സുപ്രഭാമയമായ ജീവിതത്തിനെപ്പോലെ!
അതിന്റെ തടത്തിങ്കലേയ്ക്കതാ വന്നെത്തുന്നു
മതിമോഹനാകാരരാം രണ്ടു യുവാക്കന്മാർ.
ഒരുവനുടൻ നിത്യമുണ്ടായീടുമ്പോ,ലന്നു-
മൊരു തൂമിന്നൽപ്പിണർ പായുകയാ,യുൾത്താരിൽ!
ഹേമ പൂ പറിക്കുവാനെത്തിടും സമയമി-
താണെന്നു നന്നായവനറിയാം പണ്ടേതന്നെ.
അവളെ ഭൂവല്ലിയാൽ ചൂണ്ടിക്കാണിച്ചു മന്ദ-
മവനോതുന്നു, തന്റെ വിശ്വസ്തസുഹൃത്തോടായ്:-
"എന്നെന്നുമെനിക്കൊരു പുളകാങ്കുരം നൽകാ-
നെന്നാശാലതികതൻ വസന്തമതാ നിൽപൂ!!.
4] തുഷാരഗീതി
സ്വാഗതം സവിതാവേ, നിർമ്മലാത്മാവേ, സ്വാമിൻ,
ഭാഗധേയത്താലെനിക്കങ്ങയെക്കാണാറായി!
ധന്യനാമവിടുത്തെക്കാരുണ്യാതിരേകത്താ-
ലെന്നാത്മാവൊരു കൊച്ചുതേജോമണ്ഡലമിപ്പോൾ,
ഞാനൊരുമഞ്ഞുതുള്ളി- തെറ്റിപ്പോയ് ക്ഷണികത
നാനാത്വങ്ങളിലൊരു നീർപ്പോളയെക്കാൾ തുച്ഛം.
ഭൂമിക്കും നാകത്തിനുമൊന്നുപോലൊരു രത്ന-
സീമയായ് നിലകൊള്ളും ചക്രവാളത്തെപ്പോലെ,
നിത്യമല്ലാത്തോരെന്നിലെന്തിനാണവിടുത്തെ
നിസ്തുലപ്രഭാപൂരം ചൊരിഞ്ഞു പാഴാക്കുന്നു?
ഇത്തേജോഭരം തെല്ലും താങ്ങുവാൻ കെൽപില്ലല്ലോ
സത്വരം, സ്വാമിൻ, രാഗമൂക ഞാൻ മൂർച്ഛിച്ചാലോ?
ഒരുകാലത്തും തല പൊക്കിടാത്തിപ്പുൽക്കൊടി-
ക്കൊരുഭാരവുംകൂടിയേറ്റിയെൻജനിയാൽ ഞാൻ!
കമ്മർസാക്ഷിയാം ഭവാനെന്നോടു നിശ്ശബ്ദമായ്
നർമ്മസല്ലാപം ചെയ്വതാരുമിന്നറിയേണ്ടാ,
ഈ നിഗൂഢമാം ദിവ്യപ്രേമമൊന്നല്ലി,തമോ-
ലീനമായൊരെൻജന്മം വെളിച്ചമാക്കിത്തീർത്തു?
അകളങ്കാത്മാവാകുമങ്ങയോടെനിക്കൊട്ടും
പ്രകടിപ്പിക്കാനില്ല ശക്തി, യെൻ കൃതഞ്ജത.
നിസ്തുലരാഗത്താലെൻ ഹൃദയം വികസിക്കെ
നിർജ്ജീവ വസ്തുക്കൾക്കും സൌന്ദര്യമായ് ഞാൻപോലും.
അവസാനിച്ചീടാത്ത പുളകാങ്കുരത്തിനാ-
ലവനീദേവി നിത്യമൂകയായ് നിലകൊൾകെ,
പരിപാവനയാമജ്ജനനി കാൺകെക്കാൺകെ-
പ്പരിപൂർണ്ണതയിങ്കൽ ചെന്നു ഞാൻ ലയിക്കാവൂ!
പക്ഷികൾ മനോജ്ഞമാം പഞ്ചമഗാനങ്ങളാൽ,
വൃക്ഷങ്ങൾ മധുരമാം മർമ്മരാരവത്തിനാൽ,
ലതകൾ നൃത്തത്തിനാൽ, പുഷ്പങ്ങൾ സുഗന്ധത്താൽ,
സതതം ചിത്തം തുടിച്ചെന്നെന്നുമാനന്ദിക്കും.
നിസ്സാരമാകും, ക്ഷണം മാഞ്ഞുപോമൊരു വെറും
നിശ്ശബ്ദ മന്ദസ്മിതം മാത്രമാണെന്നാനന്ദം.
ആയതിൻ പരിധിയാണെന്നുടെ പരിപൂർത്തി;
മായണമതിങ്കൽ ഞാനെത്തിയാലപ്പോൾത്തന്നെ!
അലഘുപ്രഭയോലുംതവ ദിവ്യാംശുവൊന്നി-
ലലിഞ്ഞുചേർന്നീടുവാൻ വെമ്പലായി മേ, ദേവ!
മായുന്നതെന്തിനായ് ഞാൻ?- തന്മൂലം ഭവദ്രശ്മി
മാമകാഭയാലൽപം മിന്നിക്കാനായാലായി!
രാഗചുംബിയാം തുച്ഛജീവിതം മദീയം ഹാ!
ത്യാഗത്തിലെത്തിപ്പൂ ഞാൻ!- വിരമിക്കട്ടെ, നാഥ!
5] സൌന്ദര്യലഹരി
പച്ചിലച്ചാർത്തിൻ പഴുതിങ്കലൂടതാ കാൺമൂ
പശ്ചിമാംബരത്തിലെപ്പനിനീർപ്പൂന്തോട്ടങ്ങൾ.
ഇത്തരം സൌന്ദര്യം ഞാൻ നുകരാൻ തുടങ്ങിയി-
ട്ടെത്ര കാലമാ,യെന്നാലിനിയും തീർന്നില്ലല്ലോ!
ഓരോരോ ദിവസവുമത്യനർഗ്ഘമായീടും
ചാരുതയൊന്നീ ലോകഗാളത്തെപ്പുതുക്കുന്നു.
അല്ലെങ്കിൽ, പ്രാപഞ്ചികജീവിതത്തിനെ, നമ്മ-
ളെല്ലാരുമിതിൻമുൻപേ വെറുത്തുകഴിഞ്ഞേനെ!
പൂർവ്വദിങ്ങ്മുഖത്തിങ്കൽ സിന്ദൂരപൂരംപൂശി-
പ്പൂവിനെച്ചിരിപ്പിച്ചുവന്നെത്തും പുലരിയും;
മുല്ലമൊട്ടുകൾവാരി വാനിങ്കൽ വിതറിക്കൊ-
ണ്ടുല്ലാസഭരിതയായണയുംസന്ധ്യാ ശ്രീയും;
വാനിലുല്ലസിച്ചിടും വാര്മതിയൊഴുക്കുന്ന
പൂനിലാവിങ്കൽ കുളിച്ചെത്തിടും രജനിയും;-
എന്തിനിപ്രകൃതിയിൽ സൌന്ദര്യമയമായു-
ള്ളെന്തും,ഹാ ജീവിതത്തെ മധുരിപ്പിച്ചീടുന്നു!
കുളിർത്തമണിത്തെന്നൽ സൌരഭോന്മദം പൂണ്ടു
തളിർത്ത തരുക്കളെത്തഴുകിത്തളരവെ;
അന്തരംഗാന്തരത്തിലംബരാന്തത്തെയേന്തി-
ത്തന്തിരകളാൽ താളംപിടിച്ചു പാടിപ്പാടി
പാറക്കെട്ടുകൾതോറും പളുങ്കുമണി ചിന്നി-
യാരണ്യപ്പൂഞ്ചോലകളാമന്ദമൊഴുകവെ;
മരന്ദം തുളുമ്പുന്ന മലരിൽ ചുറ്റും കൂടി
മുരളും തേനീച്ചകൾ പറന്നു കളിക്കവെ;
വല്ലികാനടികൾ നൽപല്ലവാകുലമായ
ചില്ലകൈയുകളാട്ടി നർത്തനം ചെയ്തീടവെ;
അറിയാതവരോടുകൂടി നമ്മളു,മേതോ
പരമാനന്ദപ്രവാഹത്തിങ്കൽ മുഴുകുന്നു.
ഈ വിധം മനോഹരവസ്തുക്കളെല്ലാം നമ്മെ-
"ജ്ജീവിക്കു, ജീവിക്കു," കെന്നുൽബോധിപ്പിപ്പൂ നിത്യം.
"നുകരു,നുകരു,മത്സൌന്ദര്യം!"-നമ്മോടിളം-
മുകുളം വികസിച്ചു നെടുവീർപ്പിട്ടോതുന്നു.
"മുറുകെ മുകർന്നീടുകോമനേ, പിന്നെപ്പിന്നെ
മറവിക്കകത്തേയ്ക്കു വീണടിയേണ്ടൊരെന്നെ!"
പാടലദലാധരം പേർത്തുമുച്ചലിക്കെ,ച്ചെ-
റ്റാടലാർന്നളിയോടു പനിനീർപ്പൂവർത്ഥിപ്പൂ.
ജീവിതലഘുകാവ്യത്തിൻ പകർപ്പവകാശം
കേവലം മരണത്തിനുള്ളതാണെങ്കിലാട്ടെ;
നിത്യസുന്ദരമാകും, സ്നേഹഗീതിയാലതു
നിസ്തുലമാക്കിത്തീർക്കാനാവുകി, ലതേ കാമ്യം!
സായാഹ്നരാഗംപോലെ സർവ്വവും തേയാം, മായാം
പോയാലോ പോയി;-പിന്നെയൊന്നു, മില്ലെല്ലാം ശൂന്യം!
ഇന്നുനാമുള്ളോ,രില്ലാത്തവരായ്ത്തീർന്നിടേണം
പിന്നാലെവരുന്നോർക്കൊരന്ധാന്വേഷണത്തിനായ്.
ഇന്നലെ,ത്തേങ്ങിത്തേങ്ങിയെന്തിനോകരഞ്ഞു ഞാ-
നിന്നിനിച്ചിരിക്കട്ടെ;- നാളെഞാനൊഴിഞ്ഞേയ്ക്കാം!
പുതുമേ, വീണ്ടും വീണ്ടും പുൽകുക ലോകത്തെ നീ
'മതി!'- യെന്നവളെക്കൊണ്ടോതിക്കാതൊരിക്കലും!
2 comments:
thanks for this site.
i was having a project of my school.
i was searching for an hour for this at last i have got that.
Nice love
Post a Comment
പ്രതികരണങ്ങള്